Tuesday, October 16, 2012

കണ്ണിക്കലച്ചന്റെ കാരുണ്യമേർക്കുമ്പോൾ...

കണ്ണിക്കലച്ചന്റെ കാരുണ്യമേർക്കുമ്പോൾ...

നമ്മുടെയൊക്കെ ജീവിതത്തിലേക്കു് തിരിഞ്ഞു നോക്കുമ്പോൾ ദൈവകാരുണ്യത്തിന്റെ സാന്ദ്വനസ്പർശമായെത്തുന്ന ചില ജീവിക്കുന്ന മാലാഖമാരെക്കാണാം. അങ്ങനെ ദൈവം പറഞ്ഞയച്ച ഒരു മാലാഖയായിരുന്നു കണ്ണിക്കലച്ചൻ ഞങ്ങൾക്ക്‌... കണ്ണിക്കലച്ചനെക്കുറിച്ചോർക്കുമ്പോൾ സച്ചിദാനന്ദൻ മാഷുടെ ഒരു കവിത ഓർമ്മയിൽ തെളിയുന്നു...

“ഒരു ഞരമ്പിപ്പോഴും പച്ചയായുണ്ടെന്നു
ഒരു ഇല തന്റെ ചില്ലയോടോതി...
ഇലയൊന്നു പൊഴിയാതെ ഇപ്പോഴും
ബാക്കിയുണ്ടെന്നൊരു ചില്ല കാറ്റിനോടോതി...“ 



നാം വളരുന്ന ചുറ്റുപാടുകൾ നമ്മുടെ സ്വഭാവ രൂപാന്തരീകരണത്തിൽ വലിയൊരു പങ്കു വഹിക്കുന്നുണ്ട്‌.ശാസ്ത്രം പരീക്ഷണങ്ങളിലൂടെ തെളിയിച്ചിട്ടുള്ളൊരു സത്യമാണിത്‌. ശരിയായ ചുറ്റുപാടുകൾ ശരിയായ സമയത്ത്‌ ലഭിക്കുകയാണെങ്കിൽ ഗ്രാമത്തിൽ ജനിച്ചു വളർന്ന കുട്ടികളെപ്പോലും ഡോക്ടറോ എഞ്ചിനീയറോ ആക്കി മാറ്റാൻ സാധിക്കും. അച്ചന്റെ ഡോക്ടറേറ്റിലെ പ്രധാന വിഷയം ഇതായിരുന്നുവെന്നു  അച്ചൻ പറഞ്ഞതോർക്കുന്നു.  ലത്തീൻ കത്തോലിക്കാ സമൂഹത്തിൽ പല കുഞ്ഞുങ്ങളും ശരിയായ അവസരം കിട്ടാതെ മുളയിലേ കൊഴിഞ്ഞു പോകുന്നുവെന്ന യാഥാർത്ഥ്യം അച്ചനെ വളരെ വിഷമിപ്പിച്ചിരുന്നു. ഇതിനൊരു പോം വഴി കണ്ടുപിടിച്ച്‌ നടപ്പിലാക്കാൻ പുറത്തു നിന്ന്‌ ആരും വരാനില്ലെന്നും, നമ്മളിലൊരാൾ തന്നെ അതിനായി മുന്നിട്ടിറങ്ങണമെന്നും അച്ചനു അറിയാമായിരുന്നു. ഈ ദീർഘ ദർശനമാണു വരാപ്പുഴ , കോട്ടപ്പുറം , കൊച്ചി രൂപതകളിൽ നിന്നു ഏഴാം ക്ലാസ്‌ കഴിഞ്ഞ പതിനേഴു കുട്ടികളെ തിരഞ്ഞെടുത്ത്‌ അവർക്കു പഠനത്തിനുള്ള സൗകര്യങ്ങളും , നേതൃത്വ പരിശീലനവും കൊടുത്ത്‌ വളർത്തിക്കൊണ്ടു വരുവാൻ അച്ചനെ പ്രേരിപ്പിച്ചത്‌. ആ പതിനേഴു പേരിൽ ഒരാളാവാൻ ഭാഗ്യം കിട്ടിയതും , കണ്ണിക്കലച്ചന്റെ സ്നേഹം തുളുമ്പുന്ന ശിക്ഷണത്തിൽ അഞ്ചു കൊല്ലം അച്ചന്റെ കൂടെ നിന്നു വളരുവാൻ കഴിഞ്ഞതും എല്ലാം ഒരു നിമത്തം പോലെ തോന്നുന്നു ഇപ്പോൾ... അച്ചൻ എന്നെ തിരഞ്ഞെടുത്തില്ലായിരുന്നെങ്കിൽ ഒരു പക്ഷേ ഒരു സ്കൂൾ അദ്ധ്യാപകനോ , സർക്കാർ സർവീസിൽ ഒരു ക്ലാർക്കോ ആയി മാറുമായിരുന്നു ഞാൻ. ഇന്നു ലോകത്തിലെ ഏറ്റവും വലിയ ഇന്റെർനെറ്റ്‌ കമ്പനികളിലൊന്നിൽ കമ്പ്യൂട്ടർ എഞ്ചിനീയറായി ജോലി നോക്കുമ്പോൾ അതിനു വഴിയൊരുക്കി തന്ന അച്ചനെ നന്ദിയോടെ സ്മരിക്കുന്നു. ഞങ്ങൾ പത്തൊൻപതു  പേരിൽ ഒരു പുരോഹിതനും , പതിനൊന്നു എഞ്ചിനീയർമാരും , രണ്ടു ഡോക്ടർമാരും , ഒരു DYSP യും , ഒരു പ്രൊഫസറും, മൂന്ന് കേരളാ ഗവൺമെന്റ് ഉദ്യോഗസ്ഥരും  ഉണ്ടിന്ന്‌. അച്ചന്റെ മക്കൾ.


അച്ചനോട്‌ ഞങ്ങൾ പതിനേഴുപേരെക്കുറിച്ചു പലരും ചോദിക്കാറുണ്ടായിരുന്ന ഒരു ചോദ്യം...“അച്ചൻ എന്തിനാണ്‌ ഇവരെ ഫ്രീയായി പഠിപ്പിക്കുന്നതു്? ഇവർ ലത്തീൻ സമുദായത്തിനു എങ്ങനെ ഉപകരിക്കും?” .ഞാൻ ആരിൽ നിന്നും ഒന്നും തിരികെ പ്രതീക്ഷിച്ചല്ല ഇതെല്ലാം ചെയ്യുന്നതു എന്നു അച്ചൻ പറയുമായിരുന്നു. നാളെ സമൂഹത്തിലേക്കു ഇറങ്ങുമ്പോൾ നിങ്ങളുടെ വീട്ടിലോ , ബന്ധുക്കളിലോ , അയൽപക്കത്തോ സഹായമാവശ്യമുള്ളവർ ഉണ്ടാകും...സാമ്പത്തികമായോ , ശരിയായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയോ അവരെ വളരാൻ സഹായിക്കുക.അതായിരുന്നു അച്ചൻ ഞങ്ങൾക്കു നൽകിയിയിരുന്ന ഒരു ഉപദേശം.

കണ്ണിക്കലച്ചൻ വിദ്യാഭ്യാസരംഗത്തെ ഒരു ദീർഘദർശിയായിരുന്നു.ഒരു സമൂഹം മുന്നേറണമെങ്കിൽ സമൂഹത്തിൽ നല്ല വിദ്യാഭ്യാസമുള്ളവർ ധാരാളം വേണമെന്നു അച്ചൻ സ്ഥിരം പറയാറുള്ളതു ഓർക്കുന്നു. നമ്മുടെ ലത്തീൻ കത്തോലിക്ക സമുദായത്തിന്റെ ഉന്നമനത്തിനായി വിദ്യാഭ്യാസത്ത്തിനു ഊന്നൽ കൊടുത്തു കൊണ്ടുള്ള പല പദ്ധതികളും അച്ചൻ രൂപകല്പ്പന ചെയ്തു നടപ്പക്കിയിരുന്നു.സാമ്പത്തിക ബുദ്ധിമുട്ടു കൊണ്ടും , സീറ്റുകൾ ഇല്ലാത്തതു കൊണ്ടും ആയിരത്തി തൊള്ളായിരത്തി എഴുപതു കാലഘട്ടങ്ങലിൽ പല ലത്തീൻ കത്തോലിക്കരും പത്താം ക്ലാസോടെ പഠനം നിർത്തുമായിരുന്നു...പാവപ്പെട്ടവരുടെ കോളേജ്‌ വിദ്യാഭ്യാസത്തിനായി അച്ചൻ 1977-ൽ വിദ്യാനികേതൻ സ്ഥാപിച്ചു.പാവപ്പെട്ടവരിലേക്കു വിദ്യഭ്യാസം അനായാസമായി എത്തിക്കുക എന്നതായിരുന്നു അച്ചന്റെ ലക്ഷ്യം. ആ ലക്ഷ്യത്തിലേക്കുള്ളാ യാത്രയിൽ പല തടസങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്‌ അച്ചനു. ചില മാസങ്ങളിൽ അധ്യാപകർക്കു ശമ്പളം കൊടുക്കാൻ പണമില്ലാതെ വിഷമിച്ച സമയങ്ങളിൽ അച്ചൻ ഞങ്ങളോട്‌  പ്രാർത്ഥിക്കാൻ പറയാറുള്ളതു ഓർത്തു പോകുന്നു...നമ്മൾ നന്മ ചെയ്താൽ ദൈവം ബാക്കി എല്ലാം വേണ്ടതുപോലെ നോക്കുമെന്നു അച്ചൻ ഉറച്ചു വിശ്വസിച്ചു. പഠനത്തിൽ മുന്നിൽ നില്ക്കുന്നവർക്കുള്ള സ്കോളർഷിപ്പുകൾ , കമ്പ്യൂട്ടർ പരിശീലനം , സ്പോക്കൺ ഇംഗ്ലീഷ്‌ ക്ലാസുകൾ ഇവയൊക്കെ അച്ചന്റെ ദീർഘവീക്ഷണത്തിന്റെ ഉദാഹരണങ്ങളാണു്. ഇന്ന്‌ എല്ലാ വലിയ മൾട്ടി നാഷണൽ കമ്പനികളിലും ജോലി ചെയ്യുന്നതിനും , വലിയ പോസ്റ്റുകളിലേക്കു മുന്നേറുന്നതിനും നല്ല ഇംഗ്ലീഷ്‌ ഭാഷ സംസാരിക്കുന്നവർക്കേ കഴിയൂ...ഹൈസ്കൂൾ സമയത്തു തന്നെ ഞങ്ങളുടെ ഇംഗ്ലീഷ്‌ സംസാരശേഷി നന്നാക്കാൻ അച്ചൻ നേരിട്ടു തന്നെ ഞങ്ങൾക്കു  പല പരിശീലനങ്ങളും തരുമായിരുന്നു.

അച്ചൻ “ടോട്ടൽ ഡെവെലപ്മെന്റിനു” മുൻതൂക്കം കൊടുത്തിരുന്നു...ഇടക്കിടെ ആലുവാപ്പുഴയിൽ നീന്തൽ പഠിപ്പിക്കാൻ ഞങ്ങളെ കൊണ്ടുപോവുകയും അച്ചൻ തന്നെ നീന്തൽ പരിശീലിപ്പിക്കുകയും ചെയ്യുമായിരുന്നു. പ്രായമേറെയായെങ്കിലും ഒരു യുവാവിന്റെ ചുറുചുറുക്കായിരുന്നു അച്ചനു്.ഞങ്ങളെ കർണ്ണാടക സംഗീതം പഠിപ്പിക്കാൻ ജോബ്‌ മാഷെ അച്ചൻ ഏർപ്പെടുത്തിയിരുന്നു.ടേബിൾ ടെന്നീസ്‌ കളിക്കാൻ പഠിച്ചതും ഈ സമയത്താണു്. ദൈവവിശ്വാസത്തിന്റെ പുണ്യവഴികളെക്കുറിച്ചും അച്ചൻ ഞങ്ങൾക്കു ഉപദേശങ്ങൾ തന്നിരുന്നു.ദിവസവും പുലർച്ചെ 5 മണിക്കു എഴുന്നേറ്റ്‌ പ്രഭാതകൃത്യങ്ങൾ കഴിഞ്ഞു എല്ലാവരും കുറച്ചു നേരം പഠിക്കും. അതിനു ശേഷം തൊട്ടു താഴെയുള്ള പ്രൊവിഡൻസ്‌ ഹോം പള്ളിയിൽ ഞങ്ങൾ എല്ലാവരും കുർബാന അർപ്പിക്കും.രാത്രി 81/2 ക്കു മാതാവിന്റെ ചാപ്പലിൽ ഞങ്ങളുടെ കുടുംബ പ്രാർത്ഥന. അങ്ങനെ പല തലങ്ങളിലുമുള്ള ഞങ്ങളുടെ വളർച്ചക്കായി അച്ചൻ മുൻകൈ എടുത്തു.

പ്രീഡിഗ്രി കഴിഞ്ഞു വിദ്യാനികേതൻ വിട്ട് പോയതിനു ശേഷവും ഇടക്കിടെ അച്ചനെ സന്ദർശിക്കുമായിരുന്നു. ഈ കൂടിക്കാഴ്ചകളിൽ പലപ്പോഴും അച്ചൻ അനുഭവിച്ചിരുന്ന വേദനകളെക്കുറിച്ച് അച്ചൻ മനസ്സു തുറക്കുമായിരുന്നു . മനസ്സു നിറയെ കാരുണ്യവുമായി പറന്നു നടന്നിരുന്ന ആ മാലാഖയുടെ തൂവലുകൾ ആരൊക്കെയോ ഓരോന്നായി പറിച്ചെടുക്കുമ്പോഴും വേദനകളൊക്കെയും സഹനത്തിന്റെ കാൽവരിയിൽ അർപ്പിച്ച് ശാന്തമായി പുഞ്ചിരിക്കുന്ന അച്ചൻ ഓർമ്മകളിലിപ്പോഴും നിറയുന്നു...പുണ്യ സാന്നിധ്യമായി സ്വർഗ്ഗത്തിലിരുന്നു അച്ചൻ നമ്മളെയൊക്കെ ഇപ്പൊഴും അനുഗ്രഹിക്കുന്നുണ്ടാവും.